Sunday, June 15, 2008

മന്ത്രി ജി.സുധാകരനും ബെര്‍ലിയും ബ്ലോഗ് അക്കാദമിയും

നടുവൊടിഞ്ഞ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ സര്‍ക്കാര്‍ ഗ്രാന്റ്റ്‌ കൊണ്ട് കുത്തി നിര്‍ത്താന്‍ ശ്രമിച്ചത് പിണറായി വിജയന്‍ സഹകരണ വകുപ്പ് വാണപ്പോഴാണ്. വീണ്ടും ഒരു വശം തളര്‍ന്നു പോയ സംഘത്തെ സര്‍ക്കാര്‍ ഗ്രാന്റും + സഹകരണ സ്ഥാപനങ്ങളുടെ സാംഭാവനയും കൊണ്ട് ഇപ്പോ മന്ത്രി ജി.സുധാകരനും ജീവശ്വാസം നല്‍കാന്‍ ശ്രമിക്കുകയാണ്. റോയല്‍റ്റി കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും കുടിശ്ശിക ആനുകൂല്യവും നല്‍കി. വി.ആര്‍.എസ് ചോദിച്ചവര്‍ക്ക് ആനുകൂല്യം നല്‍കി പറഞ്ഞു വിട്ടു.. പുസ്തകങ്ങള്‍ പുതിയത് അച്ചടിപ്പിച്ചു. പുന:പ്രകാശനം നടത്തുന്നു.. അതോടനുബന്ധിച്ചുളള ഒരു പുസ്തക പ്രകാശന ചടങ്ങ് മെയ് അവസാനം കോഴിക്കോട് ടൌണ്‍ ഹാളിലും നടന്നു.
ഉദ്ഘാടനം എം.ടി.വാസുദേവന്‍ നായരും, മുഖ്യ പ്രഭാഷണം മന്ത്രി ജി.സുധാകരനും.. പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചതും സ്വീകരിച്ചതും ആശംസകളര്‍പ്പിച്ചതും സാഹിത്യ, സാംസ്കാരിക, സാമൂഹിക, ഉദ്യോഗസ്ത, രാഷ്ട്രീയ, പൊതു, സ്വകാര്യ് മേഖലകളിലുള്ള പ്രമുഖരായിരുന്നു..
പുസ്തക പ്രകാശന ചടങ്ങ് തുടങ്ങി തീരും വരെ മന്തി ജി.സുധാകരനും എം.ടി.യും വേദിയിലിരുന്നു. തങ്ങളുടെ വാക്കുകള്‍ മന്ത്രിയും എം.ടി. യും കേട്ടതിലുള്ള സന്തോഷം ആശംസാ പ്രസംഗകരുടെ മുഖത്ത് നൂറു വാട്ട് തെളിച്ചമായിട്ട് കണ്ടു.. സാധാരണ ആശംസാ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്കു മാത്രമല്ല പറയുന്നവര്‍ക്കും വിരസമാകാറാണു പതിവ്.. അതിനു കാരണവും ഉണ്ട് .. ജി. സുധാകരനും കേരള ബ്ലോഗ് അക്കാദമിയും - താരതമ്യമെന്തിന്?

ചോദ്യം ന്യായം. പറയാം..
മന്ത്രി ജി.സുധാകര്‍ജിയുടെ മറ്റു വാചക കസര്‍ത്തുകളൊക്കെ തല്‍ക്കാലം വിട്..നമുക്കിപ്പോ കോഴിക്കോട് ശുഭമായി നടന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് മാത്രം ഫോക്കസ് ചെയ്യാം.. മന്ത്രിയും എം.ടി യും ചടങ്ങിന്റെ അന്ത്യം വരെ വേദിയിലിരുന്നതിനാല്‍ കോഴിക്കോടു നടന്ന പുസ്തക പ്രകാശന ചടങ്ങ് ശുഷ്കിച്ചില്ല. മന്ത്രിയുടെ തിരുനാവില്‍ സരസ്വതി വിളയാടുന്നത് കാതോര്‍ത്തും ഒപ്പിയെടുക്കാനും വേണ്ടി കാത്തു കെട്ടി നിന്ന മാധ്യമ പടയും ചടങ്ങു തീരും വരെ നിന്നു.
ഇതൊരു അപൂര്‍വ സംഭവം ആണ്.. നടത്തിപ്പുകാര്‍ ആരെയും കാത്തുകെട്ടി നിന്നു മുഷിഞ്ഞില്ല. ചടങ്ങ് അന്ത്യം വരെ ശുഷ്ക്കിച്ചില്ല. ബോറായില്ല. ആകെ മൊത്തം ഓക്കെ. പക്ഷേ എന്നും എപ്പോഴും എല്ലാം ഇങ്ങനെ ശുഭമാകില്ലല്ലോ…. രണ്ടു മണിക്കെത്തുമെന്നു പറയുന്ന ഉദ്ഘാടകന്‍ മൂന്നു മണിക്കൂര്‍ വൈകി അഞ്ചു മണീക്കായിരിക്കും വരുന്നത്. ചടങ്ങിനെത്തിയ അതിഥികളും സദസ്യരും മുഷിയും.. നാട മുറിച്ച് അല്ലെങ്കില്‍‍ ഭദ്ര ദീപം തെളിയിക്കല്‍ കഴിഞ്ഞാല്‍ ഗീര്‍വാണ ചടങ്ങായി.. അതിനു മുമ്പൊരു പ്രാര്‍ത്ഥനയും സ്വാഗതവുമുണ്ട്..നേരം വൈകിയതില്‍ കുണ്ടീതപെട്ട് അദ്ധ്യക്ഷന്‍ നാവിനു ബ്രേക്കിട്ട് ഉദ്ഘാടകനു വഴിമാറും.. മുഖ്യ വിഭവം ഉദ്ഘാടകന്റെ വക കസര്‍ത്താണല്ലോ..
വാചകമടിയും കരഘോഷവും കഴിഞ്ഞു സീറ്റിലുപവിഷ്ടനായാല്‍ പിന്നെ മുഖ്യാതിഥിക്കു പരവേശമാണ്..ഉടനേ സ്ഥലം കാലിയാക്കണം..അടുത്ത സീന്‍ അദ്ധ്യക്ഷന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞ് കൈകൂപ്പി വാണം വിട്ട പോലെ ഒരു പോക്കാണ്..അതോടെ വേദിയിലിരിക്കുന്ന എല്ലാവര്‍ക്കും മടുപ്പായി…. ഉദ്ഘാടകന്‍ പിടുത്തം വിട്ട പോലെ പായാന്‍ അദ്ധ്യക്ഷനു പറ്റാത്തതിനാല്‍,അല്പ നേരത്തിനു ശേഷം “തിരക്കുണ്ടെന്നു“ പറഞ്ഞൂ ചുമട് മറ്റൊരു വിധേയന്റെ തലയില്‍ കയറ്റി അയാളും തടി തപ്പും.. ബാക്കിയായവര്‍ വന്നു പോയില്ലേ എന്നു കരുതി ചടച്ചിരിക്കും..അവര്‍ ഓരോരുത്തരും ഊഴമനുസരിച്ചു മൈക്കിന്റെ മുമ്പിലേക്ക് ആനയിക്കപ്പെടുമ്പോഴേക്ക് സദസ്സ് മിക്കവാറും കാലിയായിട്ടുണ്ടാകും..ഒഴിഞ്ഞ കസേരകളും മൈക്ക് ഓപ്പറേറ്ററും സംഘാടകരും മാത്രം ബാക്കിയാകും..ഈ ദുരവസ്ഥ ചിരപരിചയം കൊണ്ടറിയുന്ന ഫോട്ടോഗ്രാഫര്‍ പത്രത്തില്‍ വാര്‍ത്തക്കൊപ്പം നല്‍കാന്‍ സദസ്സ് തിങ്ങീ നിറഞ്ഞുളള ഫോട്ടോ നേരത്തെ ഒപ്പിയെടുത്തിട്ടുണ്ടാകും.. സംഘാടകരുടെ ടെന്‍ഷന്‍ അപ്പോഴും തീര്‍ന്നിട്ടുന്ണ്ടാകില്ല.
എല്ലാ ഉദ്ഘാടന പരിപാടികളുടേയും പൊതു ഗതി ഇതു തന്നെ..പലരും പരിപാടിക്കു ശേഷം ഗാനമേളയും നാടകവും തട്ടികൂട്ടുന്നത് ആളൊഴിയാതിരിക്കാനാണ്.. ഉദ്ഘാടകന്റെയും മുഖ്യ പ്രഭാഷകന്റെയും ഗീര്‍വാണം ഏറ്റവും അവസാനമാക്കിയാല്‍ പരിപാടിയുടെ അവസാനം വരെ ആളും മാ‍ധ്യമപടയും നിന്നോളും..കലാപരിപാടികള്‍ ആഡ് ചെയ്ത് പണവും തുലക്കണ്ടാ..പക്ഷേ പ്രോട്ടോകോള്‍ അതിന് അനുവദിക്കുന്നില്ല എന്നാണല്ലോ വെപ്പ്..

ഇതൊക്കെ കൊണ്ടാന്ണു കേരള ബ്ലോഗ് അക്കാദമി ശില്പ ശാലാ ഉദ്ഘാടന ചടങ്ങുണ്ടാക്കി ഉദ്ഘാടന, മുഖ്യ പ്രഭാഷണ, അദ്ധ്യക്ഷ, ആശംസാ സിംഹാസനങ്ങള്‍ അലങ്കരിക്കാന്‍ ആരെയും ക്ഷണിക്കാന്‍ മെനക്കെടാത്തത്..
ക്ഷണിച്ചാല്‍ ക്ഷണക്കത്തടിക്കണം..പത്രക്കാരെ വിളിക്കണം..സ്വീകരിക്കാന്‍ കാത്തു കെട്ടി നില്‍ക്കണം..ബൊക്കെ വേണം..ചിലര്‍ക്ക് ആനയും അംബാരിയും താലപൊലിയും ഏര്‍പ്പാടാക്കണം… എസ്റ്റാബ്ലിഷ് ഉദ്ഘാടകരില്‍ നിലവിളക്കു കൊളുത്താന്‍ മടിക്കുന്നവരുണ്ടു…നാടമുറി അപമാനമായി കരുതുന്നവരുണ്ട്…..വലിച്ചു കെട്ടിയ റിബ്ബണ്‍ നിറത്തിലും മതവും രാഷ്ട്രീയവും കാണുന്നവരുണ്ട്. കൂടെ അകമ്പടി വരുന്ന പരിവാരങ്ങള്‍ക്ക് തീറ്റ നള്‍കണം.. ശില്പശാല ആകെ കുട്ടിചോ‍റാകും..പത്തു മണിക്കു തുടങ്ങി അഞ്ചു മണിക്ക് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്ത പ്രോഗ്രാം രാത്രി പത്തായാലും തീരില്ല.

സംവിധായകന്‍ തുളസീദാസിനോട് സിനിമയില്‍ അഭിനയിപ്പിക്കേണ്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഞാന്‍ തീരുമാനിക്കുമെന്ന് ദിലീപ് പറഞ്ഞെന്നു പറഞ്ഞ് മാക്ട ചെയര്‍മാന്‍ വിനയന്‍ പ്രതികരിച്ചതാണല്ലോ മാക്ടയില്‍ കലാപമായി മാറിയത്..
അതു പോലെ ഏതെങ്കിലും എസ്റ്റാബ്ലിഷ് ഉദ്ഘാടകന്‍ സ്വാഗതം പറയുന്ന വിത്തിനവും, അദ്ധ്യക്ഷ,ആശംസാ ചരക്കുകളുടെ ഇറക്കുമതിയും താന്‍ തീരുമാനിക്കും എന്നാലേ ഉദ്ഘാടിക്കൂ എന്നു വാശിപിടിച്ചാല്‍ പുലിവാലുമായി..

മാന്യ വ്യക്തിത്വങ്ങളോട് അക്കാദമിക്ക് കലിപ്പൊന്നും ഇല്ലെന്ന് തീര്‍ച്ച. ശില്പ ശാലക്കെത്തുന്നവരെ വലിപ്പ ചെറുപ്പം നോക്കാതെയും അനോണീ ബ്ലോഗര്‍മാരെ അനോണീയായി തന്നെ സ്വീകരിച്ചിരുത്താനുമുള്ള വിശാല മനസ്സേ അക്കാദമിക്കുള്ളൂ.. പക്ഷേങ്കില്‍ ചില അനോണിമാര്‍ വന്നു പോയ വിവരം ചിലര്‍ മാത്രം മണത്തറിഞ്ഞു. അവരാ‍രോടും പറഞ്ഞതുമില്ല. എന്നാ‍ല്‍ ഞാന്‍ ഇന്ന അനോണിയാണെന്നു സ്വയം ഹൃദയം തുറക്കുന്ന അനോണിമാരെയാണു കൂടുതല്‍ പരിചയപെട്ടത്.. കണ്ണൂര്‍, കോഴിക്കോട്, ത്രിശൂര്‍, തിരുവനംതപുരം ശില്പ ശാലകള്‍ കഴിഞ്ഞു.. മാഹിയില്‍ ബാലജനസഖ്യവും ക്ലാസ്സ് നടത്തി..

ഇനി മന്ത്രി ജി.സുധാകരനെ ബ്ലോഗുന്നതു പത്തിപ്പിക്കാന്‍ മന്ത്രി ഭവനത്തില്‍ ഒരു ശില്പ ശാല നടത്തണം..മന്ത്രി ജി.സുധാകരന് വക ഗമണ്ടന്‍ അമിട്ടുകള്‍ ഭൂലോകത്തും പൊട്ടട്ടെ.. സംഘാടനം ആര്‍ക്കും ഏറ്റെടുക്കാം.. പക്ഷേ മന്ത്രി ലാപിനു മുമ്പിലിരുന്നു ബ്ലോഗുന്നതു മാധ്യമ ലോകത്തിനു ഗമണ്ടന്‍ വാര്‍ത്ത ആയതിനാല്‍ ഉദ്ഘാടിക്കാന്‍ ഒരാളെ കൂടി വിളിക്കാം..ബഡാ ബ്ലോഗരില്‍ ഒരാളായ ബെര്‍ളി‍യെ കൊണ്ട് മന്ത്രിയുടെ വിരല്‍ പിടിച്ചു കീ ബോര്‍ഡില്‍ തൊടുവിച്ച് ഉദ്ഘാടിച്ചാലോ? അല്ലെങ്കില്‍ ബെര്‍ളിത്തരത്തില്‍ ഒരെതിര്‍പ്പു പോസ്റ്റ് ഉറപ്പാണ്..ശില്പശാല നടത്തിപ്പുക്കാര്‍ക്കിട്ട് പൂശാന്‍ പുള്ളി കാത്തിരിക്കുകയാണല്ലോ..
ബെര്‍ളിത്തരത്തിലെ പോസ്റ്റ് കോഴിക്കോട് ശില്പ ശാലക്ക് മൈലേജ് തന്നു.. പക്ഷെ തിരുവനംതപുരം ശില്പശാലയുമായി കണക്റ്റ് ചെയ്ത് ബെര്‍ളി ചാമ്പിയ പോസ്റ്റില് അക്കാദമിക്കാര്‍ കൂടുതല്‍ കയറി പിടിക്കാത്തതു കൊണ്ടു അത്ര ചൂടു പിടിച്ചില്ല. മാ‍ഹി ശിപശാല കഴിഞ്ഞീട്ടാണ് ഭൂലോഗമറിഞ്ഞത്..
ബ്ലോഗ് അക്കാദമി അജന്‍ണ്ട പത്ര റിപ്പോര്‍ട്ടര്‍മാരെയാണ് കുഴക്കിയത്..ഉദ്ഘാടകനും അദ്ധ്യക്ഷനും ഇല്ലാത്ത ചടങ്ങോ! അക്കാദമി വേണ്ടെന്നുവെച്ചാലും ഉദ്ഘാടകനെ പത്രക്കാര്‍ തീരുമാനിക്കും..കോഴിക്കോട് ബ്ലോഗ് ശില്പശാലയില്‍ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച k.p.സുകുമാരേട്ടനെ പത്രക്കാര്‍ ഉദ്ഘാടകനാക്കി.. തിരുവനംതപുരത്തെ പത്ര താളുകളില്‍ ജനപ്രിയ ബ്ലോഗര്‍മാരെന്ന വിശേഷണവും.. ബ്ലോഗര്‍മാര്‍ സിനിമാതാരങ്ങളോ?

അനന്തപുരി പ്രസ്സ് ക്ലബ്ബ് ഹാളില്‍ വെച്ച് ഒരു അനോണി ബ്ലോഗറുടെ കാരിക്കേച്ചര്‍ ഹ ഹ ഹ ബ്ലോഗര്‍ സജീവേട്ടന്‍ വരക്കുന്ന ചിത്രീകരണം താഴെ കാണാം. ഈ തീപ്പൊരി അനോണി ആരെന്നു വെളിപ്പെടുത്തുന്നവര്‍ക്ക് സമ്മാനമായി ഒരു പുസ്തകം ലഭിക്കും. സജീവേട്ടനും കുടുംബാംഗങ്ങളും മത്സരിക്കാന്‍ അയോഗ്യരാണ്. സമ്മാന പുസ്തകത്തിന്റെ പേര് “മന്ത്രി പണിക്കിടയില്‍ ജി.സുധാകരന്‍ പൊട്ടിച്ച അമിട്ടുകള്‍”..സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഉടനേ അച്ചടിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ട്..

Monday, June 9, 2008

മാഹി ബ്ലോഗ് ശില്പശാല 8 June 2008

മാഹി പൂഴിത്തല എത്തും മുന്‍പ് പറയണമെന്ന് കണ്ടക്ടറോട് മൂന്നു വട്ടം ചട്ടം കെട്ടിയതാണ്. അയാള്‍ മറന്നു. യാത്രയില്‍ മയങ്ങിപോയ ഞാന്‍ മാഹിയെത്തിയപ്പോള്‍ അല്‍ഫോണ്‍സച്ചന്‍ വിളിച്ചുണര്‍ത്തിയ പോലെ ഉണര്‍ന്നു. എം.മുകുന്ദന്റെയും കുമാരന്‍ മാഷിന്റെയും മയ്യഴി.. മഴചാറ്റലിലും ദാഹിച്ചു. ഉപ്പു നാരങ്ങാ സോഡാ വെള്ളം തേടി രണ്ടു പെട്ടിക്കട കയറിയിറങ്ങി. അപ്പുറവുമിപ്പുറവുമുള്ള വൈന്‍ ഷോപ്പുകളില്‍ ചുകന്ന കുപ്പികള്‍ സുലഭമായി കിട്ടാ‍നുണ്ട്. മൂന്നാമിടം-കൂള്‍ ബാറില്‍ നിന്ന് സോഡാ സര്‍ബത്ത് കിട്ടി. തിരികെ പൂഴിത്തലക്ക് റിക്ഷക്ക് പത്തു രൂപയാകുമെന്ന് കടക്കാരന്‍ പറഞ്ഞു. റിക്ഷ അഴിയൂരിലെത്തിയപ്പോഴാണു അബദ്ധം പിന്നേയും പറ്റീന്നറിഞ്ഞത്. റിക്ഷ തിരിച്ചു വിട്ടു. പത്തു രൂപ പതിനഞ്ചു രൂപയായി. പൊള്ളുന്ന എണ്ണ കത്തിച്ചതല്ലേ...
അഖില കേരള ബാലജന സഖ്യം കണ്ണൂര്‍ മേഖലയുടെ സംഘാടനത്തില്‍ നടന്ന മാഹി ബ്ലോഗ് ശില്പ ശാലയില്‍ ഇരുപത്തഞ്ചോളം കുട്ടികള്‍ പഠിതാക്കളായെത്തി. ബ്ലോഗിന്റെ ബാല പാഠം അറിയുവാനായി കണ്ണൂരാനെയും ചിത്രകാരനെയും അവര്‍ വിളിച്ചു വരുത്തിയിരുന്നു.
പഠന കളരിക്ക് ബാലജന സഖ്യം രക്ഷാധികാരി അഡ്വ.സി.ഒ.ടി.ഉമ്മര്‍, മോഹനന്‍ കത്ത്യാരത്ത്, ചന്ദ്രബാബു എന്നിവരുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ശില്പ ശാല നടന്ന പൂഴിത്തലയിലെ വീട്ടില്‍ മാഹി മുനിസിപ്പല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ രമേശ് പറമ്പത്ത് , കൌണ്‍സിലര്‍മാരായ ഷീജ, സത്യന്‍ കോളോത്ത് എന്നിവരും എത്തിയിരുന്നു. മാഹിയിലെ സാധാരണക്കാര്‍ക്ക് കമ്പ്യൂട്ടര്‍ അറിവു നല്‍കുന്ന, രാവിലെ ആറു മുതല്‍ രാത്രി ഒന്‍പതു വരെ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തെക്കുറിച്ചു ചെയര്‍മാന്‍ അഭിമാനതോടെ പറഞ്ഞു..
ചിത്രരചനക്ക് C.C.R.T സ്കോളര്‍ഷിപ്പ് ലഭിക്കുന്ന, കഥാകാരിയായ ബാലജന സഖ്യം കണ്ണൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി ആതിര.എസ് സ്വാഗതവും, സഖ്യം തലശ്ശേരി യൂണിയന്‍ ഭാരവാഹിയായ അര്‍ജുന്‍ പുരുഷോത്തം നന്ദിയും പറ‍ഞ്ഞു.
കോഴിക്കോട് ശില്പശാലയില്‍ പങ്കെടുത്ത മോഹനന്‍ കത്ത്യാരത്താണു മാഹി ശില്പശാ‍ലക്ക് താല്പര്യമെടുത്തത്. ഭൂലോകത്ത് കുട്ടി കോര്‍ണര്‍ കുട്ടികള്‍ തന്നെ ഒരുക്കട്ടെ. കുട്ടികഥകളും കുഞ്ഞു വരകളും ഇളം ചിന്തകളും ഭൂലോകത്തെ ചിത്രശലഭങ്ങളാവട്ടെ..
മയ്യഴി പുഴയുടെ തീരത്തല്ല, പാലത്തു നിന്ന്..
കണ്ണൂരാന്‍ പഠിതാവിനൊപ്പം...
കുട്ടികള്‍ക്ക് ഭൂലോകത്ത് ചിറകു വെക്കാന്‍ അമ്മമാരുടെ പിന്തുണയുണ്ട്..
ശില്പശാലയോട് കലിപ്പുള്ള ചിലരുടെ ചോദ്യങ്ങള്‍ ഓര്‍മ വരുകയാണ്.. “ഈ കണ്ണൂരാന് വേറെ പണിയില്ലേ?” കേരളത്തെ ബ്ലോഗുലകമാക്കിയേ ഇയാളടങ്ങൂ എന്നു തോന്നുന്നു..കണ്ണൂരിന്റെ സന്തതിയല്ലേ..! വിമര്‍ശകര്‍ പത്തി മടക്കി മാളത്തിലേക്കു വലിഞ്ഞോളും.....
ശില്പശാലയിലെത്താന്‍ കാലവര്‍ഷം തടസമല്ല..
ബാലജന സഖ്യം കണ്ണൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറിയായ ആതിര.എസ്
ബാലജന സഖ്യം രക്ഷാധികാരി അഡ്വ.സി.ഒ.ടി.ഉമ്മര്‍
മാഹി മുനിസിപ്പല്‍ കൌണ്‍സില്‍ ചെയര്‍മാന്‍ രമേശ് പറമ്പത്ത്
കുഞ്ഞു ബ്ലോഗുമായെത്തുന്ന കുട്ടികള്‍ ഭൂലോകത്തെ ചിത്രശലഭങ്ങളാവട്ടെ..
മോഹനന്‍ കത്യാരത്ത് -“ കോഴിക്കോട് ശില്പശാലയാണ് മയ്യഴിയില്‍ ‘കുട്ടികളരി’ ഒരുക്കാന്‍ എനിക്ക് പ്രചോദനമായത്..”
ബാലജന സഖ്യം തലശ്ശേരി യൂണിയന്‍ ഭാരവാഹിയായ അര്‍ജുന്‍ പുരുഷോത്തം
ഈ പരശുറാം വണ്ടിയില്‍, ഒരു ദിനം കൂടി ബ്ലൊഗിന് സമര്‍പ്പിച്ച് വീട്ടിലേക്കു മടങ്ങുന്ന കണ്ണൂരാനുണ്ട്...
ഭൂലോകത്ത് കൈവഴികള്‍ പലതാണെങ്കിലും...
മലയാളം ബ്ലോഗിന് ഒരുപാട് മുമ്പോട്ട് കുതിക്കാനുണ്ട്..

Monday, June 2, 2008

അനന്തപുരിയിലെ ശില്‍പശാല Trivandrum shilpashaala


പ്രസ്സ്‌ക്ലബ്ബ് ഹാള്‍ നിറഞ്ഞു കവിഞ്ഞിരുന്നു.. സ്വാഗതം, അക്കാദമിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍, ബ്ലോഗിന്റെ പ്രസക്തി, സാധ്യതകള്‍, സിറ്റിസണ്‍ ജേണലിസം, മ്യൂസിക് ബ്ലോഗ്, കാര്‍ട്ടൂണ്‍ ബ്ലോഗ്, സ്വതന്ത്ര മലയാളം സോഫ്റ്റ്‌വെയര്‍, ബ്ലോഗാരംബം.. ഇവയൊക്കെയായിരുന്നു കാര്യപരിപാടിയിലെ വിഭവങ്ങള്‍.. ചിത്രകാരനും, വി.കെ.ആദര്‍ശും, അങ്കിളും , കേരള ഫാര്‍മെറും , അരുണും, ഡി.പ്രദീപ്‌ കുമാറും, സജീവും സംസാരിച്ചു. സമയം അതിക്രമിച്ച് പരിപാടി താളം തെറ്റാതിരിക്കാന്‍ യാരിദ് ഒരു തുണ്ടുമായി ഇടക്കൊക്കെ സ്റ്റേജില്‍ കയറിയിറങ്ങി.. ചിത്രകാരന്‍+കണ്ണൂരാന്‍+വി.കെ.ആദര്‍ശ് +ഡി.പ്രദീപ്‌ കുമാര്‍ + സജീവ് കൂട്ടായ്മ ശില്പ ശാലയില്‍ ഒത്തു ചേര്‍ന്നാല്‍ ക്യാമ്പ് അംഗങ്ങള്‍ക്ക്‌ മുഷിയില്ല. സമയ ക്ളിപ്തത നോക്കാതെ കസര്‍ത്ത് തുടരുന്നവര്‍ക്ക് ചുകപ്പു കാര്‍ഡ് കാണിക്കാന്‍ യാരിദ് നെ പ്പോലെ ഒരാളെ കണ്ടെത്തുകയും വേണം. അപ്പപ്പോള്‍ ഭൂലോകത്തെ വിവരമറിയിക്കാന്‍ ഒരു എക്സ്പേര്‍ടും നിര്‍ബന്ധമാണ്‌.. പിച്ചവെച്ചുനടക്കുന്നവര്‍ പറ്റില്ല.. വി.കെ.ആദര്‍ശിന്റെ സിറ്റിസണ്‍ ജേണലിസം ക്ലാസ് കേള്‍ക്കുമ്പോള്‍ ഉള്ളില്‍ ഇത്തിരി തീപ്പൊരി ഉള്ളവര്‍ക്ക് രക്തം തിളക്കും. എന്തെങ്കിലും ചെയ്യണമെന്ന് തോന്നും. ഭരണകൂ ടത്തിന്റെ, പകല്‍ മാന്യന്‍ മാരുടെ, ഉദ്യോഗസ്ഥമൂരാച്ചികളുടെ ഉറക്കം കെടുത്തുന്ന ബ്ലോഗ് റിപ്പോര്‍ട്ടുകള്‍ വരും കാലത്തുണ്ടാകും.. നിങ്ങള്‍ ഈ ശില്പശാലയും കൊണ്ട് നടന്നാല്‍ ഭൂ ലോകം ചവറുകളെ കൊണ്ട് നിറയില്ലേ എന്നൊരാള്‍ നിര്‍ദോശമായി ചോദിച്ചു.. അവരോട് ഒറ്റ മറുപടിയെ ഉള്ളൂ.. ചവറുകള്‍ ഒരുപാട് ഉണ്ടാകും.. ബ്ലോഗില്‍ മാത്രമല്ല, അച്ചടിയിലും മറ്റ് എല്ലാ മേഖലയിലും നല്ലതും ചീത്തയും ഉണ്ടാകും.. നിലവാരം അളക്കാന്‍ എന്താണ് മാനദണ്ഡം? ഭാഷാ പോഷിണി ബ്ലോഗ് പതിപ്പിലെ ലേഖനങ്ങള്‍ വായിച്ചേ തീരൂ എന്നുറപ്പിച്ചാല്‍ കഷായം കുടിക്കും പോലെ വായിച്ചു തീര്‍ക്കാം.. എന്നാല്‍ മാതൃഭൂമി രണ്ടു ബ്ലോഗ് പതിപ്പുകളും ഒറ്റയിരുപ്പിന് വായിക്കാമല്ലോ..ഭാഷാപോഷിണിക്കെന്താ നിലവാരമില്ലേ? മഞ്ഞയായാലും, പച്ച്ചയായാലും,നീലയാലും,ചുകപ്പായാലും നിലനില്‍ക്കേണ്ടത് നില നില്‍ക്കും.. നമുക്ക് ഔപചാരികതയില്ല എന്നത് അറിയാതെയല്ല. എന്നാലും നൈജീരിയയില്‍ നിന്നൊക്കെ ലീവ് മുന്‍കൂട്ടി വാങ്ങി ശില്പശാലയുടെ കൂട്ടായ്മയിലേക്ക് ഓടിയെത്തുമ്പോള്‍ വെറുതെ അവരൊക്കെ വന്നു ചേര്‍ന്ന വിവരം ഒന്ന്‍ വെളിപ്പെടുത്താമായിരുന്നു....ശില്പ ശാല നടക്കുമ്പോള്‍ ആഫ്രിക്കയില്‍ നിന്നും അവര്‍ കമന്റിട്ടാല്‍ വലിയ പ്രാധാന്യത്തോടെ ക്യാമ്പ് അംഗങ്ങളെ നമ്മള്‍ വിവരം അറിയിക്കാറുണ്ടല്ലോ.. അവര്‍ സ്വന്തം ദേഹവുമായി ഓടി വരുമ്പോള്‍ ഒന്ന് പരിഗണിക്കാമായിരുന്നു.. അപ്പോള്‍ സ്വദേശത്ത്‌ നിന്നും ഒരുപാട് ബ്ലോഗര്‍മാര്‍ വന്നിട്ടുണ്ടല്ലോ അവര്‍ക്കും പരിഗണന കൊടുക്കേണ്ടേ? എന്നാ മറുചോദ്യം ഉണ്ടാകുമെന്നറിയാം.. ഞാന്‍ ഉദ്ദേശിച്ചത് പ്രവാസികളായ മലയാളം ബ്ലോഗര്‍മാര്‍ വരുമ്പോള്‍, തുണ്ടു മായി ഒരാളെ അരികെ നിര്‍ത്തി രണ്ടേ രണ്ടു മിനുട്ട് നല്‍കുക എന്നതു മാത്രമാണ്...- അവര്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ എത്തിപെടൂ.. ശില്പശാലയില്‍ എത്തിപെട്ടവര്‍ക്ക് ഒരു കൌതുകം കൂടി ഉണ്ടാകും.. പത്ര വാര്‍ത്തയില്‍ അതെടുത്ത് കാണിക്കും.. അല്ലെങ്കില്‍ ചില സമ്മേളനങ്ങളില്‍ ചെയ്യുന്നപോലെ ഇടക്ക് റജിസട്രെഷന്‍ റിപ്പോര്‍ട്ട് സ്ക്രൂട്ടിനി ചെയ്തു അവതരിപ്പിച്ചാലും മതി.. എവിടന്നു ആരൊക്കെ എത്തി എന്ന് റെജിസ്ടര്‍ ചെയ്യുമ്പോള്‍ അറിയാമല്ലോ.. സ്ക്രൂട്ടിനി ചുമതല ഒരാള്‍‍ എല്‍ക്കണമെന്നു മാത്രം. ഇതു ഒരു സ്വയം വിമര്‍ശനം കൂടി ആണ്. അക്കാദമി നടത്തിപ്പില്‍ അംഗമായ എനിക്കും അതിനു മുന്‍ കൈ എടുക്കാമായിരുന്നു..
ചിത്രങ്ങള്‍ -രജിസ്ട്രേഷന്‍, വി.കെ.ആദര്‍ശ് , അങ്കിള്‍ , കേരള ഫാര്‍മര്‍, സജീവ്, ബ്ലോഗാരംബം- ബി.ആര്‍, പി. ഭാസ്കര്‍, ആലിഫ്, ഉന്മേഷ്, ടി.കെ.കൊച്ചുനാരായണന്‍, അച്ചു ( അച്ചുവിന്റെ കൂടെ കേരള ബ്ലോഗ് അക്കാദമിയുടെ ജീവനാടിയായ അച്ചുവിന്റെ അച്ഛനും ഉണ്ട് )


























പ്രസ്സ്‌ ക്ലബ്ബ് റോഡരികില്‍ നട്ടുച്ചക്ക് മരങ്ങള്‍ നടുന്ന കരകൌശല വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥനായ സുബ്രഹ്മണ്യന്‍ നംബൂതിരിയെയും ആണ്‍ മക്കളെയും കണ്ടു. തിരുവല്ല പെരിങ്ങശ്ശേരി സ്വദേശിയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഇവര്‍ നട്ട മരങ്ങള്‍ പ്രസ്സ്‌ ക്ലബ്ബ് റോഡില്‍ വളര്‍ന്നു വരുന്നുണ്ട്. കാല വര്‍ഷത്തിനു തൊട്ടു മുന്‍പാണ് തൈകള്‍ നടുക. എളുപ്പം നനവില്‍ വേര് പിടിക്കുമല്ലോ. ഒരു മരം പത്തു ആണ്‍ മക്കള്‍ക്ക്‌ തുല്യ മാണെന്നാണല്ലോ .


















ഈ പുളിമര തൈ വേര് പിടിച്ചു വളരട്ടെ ..തണല്‍ വിരിക്കട്ടെ ..