Sunday, June 15, 2008

മന്ത്രി ജി.സുധാകരനും ബെര്‍ലിയും ബ്ലോഗ് അക്കാദമിയും

നടുവൊടിഞ്ഞ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തെ സര്‍ക്കാര്‍ ഗ്രാന്റ്റ്‌ കൊണ്ട് കുത്തി നിര്‍ത്താന്‍ ശ്രമിച്ചത് പിണറായി വിജയന്‍ സഹകരണ വകുപ്പ് വാണപ്പോഴാണ്. വീണ്ടും ഒരു വശം തളര്‍ന്നു പോയ സംഘത്തെ സര്‍ക്കാര്‍ ഗ്രാന്റും + സഹകരണ സ്ഥാപനങ്ങളുടെ സാംഭാവനയും കൊണ്ട് ഇപ്പോ മന്ത്രി ജി.സുധാകരനും ജീവശ്വാസം നല്‍കാന്‍ ശ്രമിക്കുകയാണ്. റോയല്‍റ്റി കുടിശ്ശിക കൊടുത്തു തീര്‍ക്കുന്നു. ജീവനക്കാര്‍ക്ക് ശമ്പളവും കുടിശ്ശിക ആനുകൂല്യവും നല്‍കി. വി.ആര്‍.എസ് ചോദിച്ചവര്‍ക്ക് ആനുകൂല്യം നല്‍കി പറഞ്ഞു വിട്ടു.. പുസ്തകങ്ങള്‍ പുതിയത് അച്ചടിപ്പിച്ചു. പുന:പ്രകാശനം നടത്തുന്നു.. അതോടനുബന്ധിച്ചുളള ഒരു പുസ്തക പ്രകാശന ചടങ്ങ് മെയ് അവസാനം കോഴിക്കോട് ടൌണ്‍ ഹാളിലും നടന്നു.
ഉദ്ഘാടനം എം.ടി.വാസുദേവന്‍ നായരും, മുഖ്യ പ്രഭാഷണം മന്ത്രി ജി.സുധാകരനും.. പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചതും സ്വീകരിച്ചതും ആശംസകളര്‍പ്പിച്ചതും സാഹിത്യ, സാംസ്കാരിക, സാമൂഹിക, ഉദ്യോഗസ്ത, രാഷ്ട്രീയ, പൊതു, സ്വകാര്യ് മേഖലകളിലുള്ള പ്രമുഖരായിരുന്നു..
പുസ്തക പ്രകാശന ചടങ്ങ് തുടങ്ങി തീരും വരെ മന്തി ജി.സുധാകരനും എം.ടി.യും വേദിയിലിരുന്നു. തങ്ങളുടെ വാക്കുകള്‍ മന്ത്രിയും എം.ടി. യും കേട്ടതിലുള്ള സന്തോഷം ആശംസാ പ്രസംഗകരുടെ മുഖത്ത് നൂറു വാട്ട് തെളിച്ചമായിട്ട് കണ്ടു.. സാധാരണ ആശംസാ വാക്കുകള്‍ കേള്‍ക്കുന്നവര്‍ക്കു മാത്രമല്ല പറയുന്നവര്‍ക്കും വിരസമാകാറാണു പതിവ്.. അതിനു കാരണവും ഉണ്ട് .. ജി. സുധാകരനും കേരള ബ്ലോഗ് അക്കാദമിയും - താരതമ്യമെന്തിന്?

ചോദ്യം ന്യായം. പറയാം..
മന്ത്രി ജി.സുധാകര്‍ജിയുടെ മറ്റു വാചക കസര്‍ത്തുകളൊക്കെ തല്‍ക്കാലം വിട്..നമുക്കിപ്പോ കോഴിക്കോട് ശുഭമായി നടന്ന സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ പുസ്തക പ്രകാശന ചടങ്ങിലേക്ക് മാത്രം ഫോക്കസ് ചെയ്യാം.. മന്ത്രിയും എം.ടി യും ചടങ്ങിന്റെ അന്ത്യം വരെ വേദിയിലിരുന്നതിനാല്‍ കോഴിക്കോടു നടന്ന പുസ്തക പ്രകാശന ചടങ്ങ് ശുഷ്കിച്ചില്ല. മന്ത്രിയുടെ തിരുനാവില്‍ സരസ്വതി വിളയാടുന്നത് കാതോര്‍ത്തും ഒപ്പിയെടുക്കാനും വേണ്ടി കാത്തു കെട്ടി നിന്ന മാധ്യമ പടയും ചടങ്ങു തീരും വരെ നിന്നു.
ഇതൊരു അപൂര്‍വ സംഭവം ആണ്.. നടത്തിപ്പുകാര്‍ ആരെയും കാത്തുകെട്ടി നിന്നു മുഷിഞ്ഞില്ല. ചടങ്ങ് അന്ത്യം വരെ ശുഷ്ക്കിച്ചില്ല. ബോറായില്ല. ആകെ മൊത്തം ഓക്കെ. പക്ഷേ എന്നും എപ്പോഴും എല്ലാം ഇങ്ങനെ ശുഭമാകില്ലല്ലോ…. രണ്ടു മണിക്കെത്തുമെന്നു പറയുന്ന ഉദ്ഘാടകന്‍ മൂന്നു മണിക്കൂര്‍ വൈകി അഞ്ചു മണീക്കായിരിക്കും വരുന്നത്. ചടങ്ങിനെത്തിയ അതിഥികളും സദസ്യരും മുഷിയും.. നാട മുറിച്ച് അല്ലെങ്കില്‍‍ ഭദ്ര ദീപം തെളിയിക്കല്‍ കഴിഞ്ഞാല്‍ ഗീര്‍വാണ ചടങ്ങായി.. അതിനു മുമ്പൊരു പ്രാര്‍ത്ഥനയും സ്വാഗതവുമുണ്ട്..നേരം വൈകിയതില്‍ കുണ്ടീതപെട്ട് അദ്ധ്യക്ഷന്‍ നാവിനു ബ്രേക്കിട്ട് ഉദ്ഘാടകനു വഴിമാറും.. മുഖ്യ വിഭവം ഉദ്ഘാടകന്റെ വക കസര്‍ത്താണല്ലോ..
വാചകമടിയും കരഘോഷവും കഴിഞ്ഞു സീറ്റിലുപവിഷ്ടനായാല്‍ പിന്നെ മുഖ്യാതിഥിക്കു പരവേശമാണ്..ഉടനേ സ്ഥലം കാലിയാക്കണം..അടുത്ത സീന്‍ അദ്ധ്യക്ഷന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞ് കൈകൂപ്പി വാണം വിട്ട പോലെ ഒരു പോക്കാണ്..അതോടെ വേദിയിലിരിക്കുന്ന എല്ലാവര്‍ക്കും മടുപ്പായി…. ഉദ്ഘാടകന്‍ പിടുത്തം വിട്ട പോലെ പായാന്‍ അദ്ധ്യക്ഷനു പറ്റാത്തതിനാല്‍,അല്പ നേരത്തിനു ശേഷം “തിരക്കുണ്ടെന്നു“ പറഞ്ഞൂ ചുമട് മറ്റൊരു വിധേയന്റെ തലയില്‍ കയറ്റി അയാളും തടി തപ്പും.. ബാക്കിയായവര്‍ വന്നു പോയില്ലേ എന്നു കരുതി ചടച്ചിരിക്കും..അവര്‍ ഓരോരുത്തരും ഊഴമനുസരിച്ചു മൈക്കിന്റെ മുമ്പിലേക്ക് ആനയിക്കപ്പെടുമ്പോഴേക്ക് സദസ്സ് മിക്കവാറും കാലിയായിട്ടുണ്ടാകും..ഒഴിഞ്ഞ കസേരകളും മൈക്ക് ഓപ്പറേറ്ററും സംഘാടകരും മാത്രം ബാക്കിയാകും..ഈ ദുരവസ്ഥ ചിരപരിചയം കൊണ്ടറിയുന്ന ഫോട്ടോഗ്രാഫര്‍ പത്രത്തില്‍ വാര്‍ത്തക്കൊപ്പം നല്‍കാന്‍ സദസ്സ് തിങ്ങീ നിറഞ്ഞുളള ഫോട്ടോ നേരത്തെ ഒപ്പിയെടുത്തിട്ടുണ്ടാകും.. സംഘാടകരുടെ ടെന്‍ഷന്‍ അപ്പോഴും തീര്‍ന്നിട്ടുന്ണ്ടാകില്ല.
എല്ലാ ഉദ്ഘാടന പരിപാടികളുടേയും പൊതു ഗതി ഇതു തന്നെ..പലരും പരിപാടിക്കു ശേഷം ഗാനമേളയും നാടകവും തട്ടികൂട്ടുന്നത് ആളൊഴിയാതിരിക്കാനാണ്.. ഉദ്ഘാടകന്റെയും മുഖ്യ പ്രഭാഷകന്റെയും ഗീര്‍വാണം ഏറ്റവും അവസാനമാക്കിയാല്‍ പരിപാടിയുടെ അവസാനം വരെ ആളും മാ‍ധ്യമപടയും നിന്നോളും..കലാപരിപാടികള്‍ ആഡ് ചെയ്ത് പണവും തുലക്കണ്ടാ..പക്ഷേ പ്രോട്ടോകോള്‍ അതിന് അനുവദിക്കുന്നില്ല എന്നാണല്ലോ വെപ്പ്..

ഇതൊക്കെ കൊണ്ടാന്ണു കേരള ബ്ലോഗ് അക്കാദമി ശില്പ ശാലാ ഉദ്ഘാടന ചടങ്ങുണ്ടാക്കി ഉദ്ഘാടന, മുഖ്യ പ്രഭാഷണ, അദ്ധ്യക്ഷ, ആശംസാ സിംഹാസനങ്ങള്‍ അലങ്കരിക്കാന്‍ ആരെയും ക്ഷണിക്കാന്‍ മെനക്കെടാത്തത്..
ക്ഷണിച്ചാല്‍ ക്ഷണക്കത്തടിക്കണം..പത്രക്കാരെ വിളിക്കണം..സ്വീകരിക്കാന്‍ കാത്തു കെട്ടി നില്‍ക്കണം..ബൊക്കെ വേണം..ചിലര്‍ക്ക് ആനയും അംബാരിയും താലപൊലിയും ഏര്‍പ്പാടാക്കണം… എസ്റ്റാബ്ലിഷ് ഉദ്ഘാടകരില്‍ നിലവിളക്കു കൊളുത്താന്‍ മടിക്കുന്നവരുണ്ടു…നാടമുറി അപമാനമായി കരുതുന്നവരുണ്ട്…..വലിച്ചു കെട്ടിയ റിബ്ബണ്‍ നിറത്തിലും മതവും രാഷ്ട്രീയവും കാണുന്നവരുണ്ട്. കൂടെ അകമ്പടി വരുന്ന പരിവാരങ്ങള്‍ക്ക് തീറ്റ നള്‍കണം.. ശില്പശാല ആകെ കുട്ടിചോ‍റാകും..പത്തു മണിക്കു തുടങ്ങി അഞ്ചു മണിക്ക് തീര്‍ക്കാന്‍ ഷെഡ്യൂള്‍ ചെയ്ത പ്രോഗ്രാം രാത്രി പത്തായാലും തീരില്ല.

സംവിധായകന്‍ തുളസീദാസിനോട് സിനിമയില്‍ അഭിനയിപ്പിക്കേണ്ട ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഞാന്‍ തീരുമാനിക്കുമെന്ന് ദിലീപ് പറഞ്ഞെന്നു പറഞ്ഞ് മാക്ട ചെയര്‍മാന്‍ വിനയന്‍ പ്രതികരിച്ചതാണല്ലോ മാക്ടയില്‍ കലാപമായി മാറിയത്..
അതു പോലെ ഏതെങ്കിലും എസ്റ്റാബ്ലിഷ് ഉദ്ഘാടകന്‍ സ്വാഗതം പറയുന്ന വിത്തിനവും, അദ്ധ്യക്ഷ,ആശംസാ ചരക്കുകളുടെ ഇറക്കുമതിയും താന്‍ തീരുമാനിക്കും എന്നാലേ ഉദ്ഘാടിക്കൂ എന്നു വാശിപിടിച്ചാല്‍ പുലിവാലുമായി..

മാന്യ വ്യക്തിത്വങ്ങളോട് അക്കാദമിക്ക് കലിപ്പൊന്നും ഇല്ലെന്ന് തീര്‍ച്ച. ശില്പ ശാലക്കെത്തുന്നവരെ വലിപ്പ ചെറുപ്പം നോക്കാതെയും അനോണീ ബ്ലോഗര്‍മാരെ അനോണീയായി തന്നെ സ്വീകരിച്ചിരുത്താനുമുള്ള വിശാല മനസ്സേ അക്കാദമിക്കുള്ളൂ.. പക്ഷേങ്കില്‍ ചില അനോണിമാര്‍ വന്നു പോയ വിവരം ചിലര്‍ മാത്രം മണത്തറിഞ്ഞു. അവരാ‍രോടും പറഞ്ഞതുമില്ല. എന്നാ‍ല്‍ ഞാന്‍ ഇന്ന അനോണിയാണെന്നു സ്വയം ഹൃദയം തുറക്കുന്ന അനോണിമാരെയാണു കൂടുതല്‍ പരിചയപെട്ടത്.. കണ്ണൂര്‍, കോഴിക്കോട്, ത്രിശൂര്‍, തിരുവനംതപുരം ശില്പ ശാലകള്‍ കഴിഞ്ഞു.. മാഹിയില്‍ ബാലജനസഖ്യവും ക്ലാസ്സ് നടത്തി..

ഇനി മന്ത്രി ജി.സുധാകരനെ ബ്ലോഗുന്നതു പത്തിപ്പിക്കാന്‍ മന്ത്രി ഭവനത്തില്‍ ഒരു ശില്പ ശാല നടത്തണം..മന്ത്രി ജി.സുധാകരന് വക ഗമണ്ടന്‍ അമിട്ടുകള്‍ ഭൂലോകത്തും പൊട്ടട്ടെ.. സംഘാടനം ആര്‍ക്കും ഏറ്റെടുക്കാം.. പക്ഷേ മന്ത്രി ലാപിനു മുമ്പിലിരുന്നു ബ്ലോഗുന്നതു മാധ്യമ ലോകത്തിനു ഗമണ്ടന്‍ വാര്‍ത്ത ആയതിനാല്‍ ഉദ്ഘാടിക്കാന്‍ ഒരാളെ കൂടി വിളിക്കാം..ബഡാ ബ്ലോഗരില്‍ ഒരാളായ ബെര്‍ളി‍യെ കൊണ്ട് മന്ത്രിയുടെ വിരല്‍ പിടിച്ചു കീ ബോര്‍ഡില്‍ തൊടുവിച്ച് ഉദ്ഘാടിച്ചാലോ? അല്ലെങ്കില്‍ ബെര്‍ളിത്തരത്തില്‍ ഒരെതിര്‍പ്പു പോസ്റ്റ് ഉറപ്പാണ്..ശില്പശാല നടത്തിപ്പുക്കാര്‍ക്കിട്ട് പൂശാന്‍ പുള്ളി കാത്തിരിക്കുകയാണല്ലോ..
ബെര്‍ളിത്തരത്തിലെ പോസ്റ്റ് കോഴിക്കോട് ശില്പ ശാലക്ക് മൈലേജ് തന്നു.. പക്ഷെ തിരുവനംതപുരം ശില്പശാലയുമായി കണക്റ്റ് ചെയ്ത് ബെര്‍ളി ചാമ്പിയ പോസ്റ്റില് അക്കാദമിക്കാര്‍ കൂടുതല്‍ കയറി പിടിക്കാത്തതു കൊണ്ടു അത്ര ചൂടു പിടിച്ചില്ല. മാ‍ഹി ശിപശാല കഴിഞ്ഞീട്ടാണ് ഭൂലോഗമറിഞ്ഞത്..
ബ്ലോഗ് അക്കാദമി അജന്‍ണ്ട പത്ര റിപ്പോര്‍ട്ടര്‍മാരെയാണ് കുഴക്കിയത്..ഉദ്ഘാടകനും അദ്ധ്യക്ഷനും ഇല്ലാത്ത ചടങ്ങോ! അക്കാദമി വേണ്ടെന്നുവെച്ചാലും ഉദ്ഘാടകനെ പത്രക്കാര്‍ തീരുമാനിക്കും..കോഴിക്കോട് ബ്ലോഗ് ശില്പശാലയില്‍ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ചു സംസാരിച്ച k.p.സുകുമാരേട്ടനെ പത്രക്കാര്‍ ഉദ്ഘാടകനാക്കി.. തിരുവനംതപുരത്തെ പത്ര താളുകളില്‍ ജനപ്രിയ ബ്ലോഗര്‍മാരെന്ന വിശേഷണവും.. ബ്ലോഗര്‍മാര്‍ സിനിമാതാരങ്ങളോ?

അനന്തപുരി പ്രസ്സ് ക്ലബ്ബ് ഹാളില്‍ വെച്ച് ഒരു അനോണി ബ്ലോഗറുടെ കാരിക്കേച്ചര്‍ ഹ ഹ ഹ ബ്ലോഗര്‍ സജീവേട്ടന്‍ വരക്കുന്ന ചിത്രീകരണം താഴെ കാണാം. ഈ തീപ്പൊരി അനോണി ആരെന്നു വെളിപ്പെടുത്തുന്നവര്‍ക്ക് സമ്മാനമായി ഒരു പുസ്തകം ലഭിക്കും. സജീവേട്ടനും കുടുംബാംഗങ്ങളും മത്സരിക്കാന്‍ അയോഗ്യരാണ്. സമ്മാന പുസ്തകത്തിന്റെ പേര് “മന്ത്രി പണിക്കിടയില്‍ ജി.സുധാകരന്‍ പൊട്ടിച്ച അമിട്ടുകള്‍”..സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഉടനേ അച്ചടിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ട്..

6 comments:

സുനില്‍ കോടതി (സുനില്‍ കെ ഫൈസല്‍ ) said...

ഈ തീപ്പൊരി അനോണി ആരെന്നു വെളിപ്പെടുത്തുന്നവര്‍ക്ക് സമ്മാനമായി ഒരു പുസ്തകം ലഭിക്കും.

ആഷ | Asha said...

യാരിദ് ?

കുഞ്ഞന്‍ said...

അനോനി എന്നു പറയുമ്പോള്‍ അത് ചിത്രകാരനാവാനാണ് സാധ്യത..പക്ഷെ പ്രായം ഇത്ര കുറവാകാനും സാധ്യതയില്ല..അപ്പോള്‍ ഈ ചുള്ളന്‍ യാരിദ്..!

ആഷ | Asha said...

ഇതു ചതിയായി പോയി.
പുസ്തകം സമ്മാനമായി ഇപ്പോ കിട്ടും എന്നു കരുതി ആവേശത്തോടെ മത്സരിച്ച ഞങ്ങളെ മണ്ടന്മാര്‍ ആക്കി കൊണ്ട് പോസ്റ്റ് എഡിറ്റ് ചെയ്തു

സമ്മാന പുസ്തകത്തിന്റെ പേര് “മന്ത്രി പണിക്കിടയില്‍ ജി.സുധാകരന്‍ പൊട്ടിച്ച അമിട്ടുകള്‍”..സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഉടനേ അച്ചടിച്ചു വില്‍ക്കാന്‍ സാധ്യതയുണ്ട്..

ഇങ്ങനെ കൂട്ടി ചേര്‍ത്തതില്‍ പ്രതിഷേധിക്കുന്നു ;)
വാക്ക് പറഞ്ഞാല്‍ പാലിക്കണം.

കുഞ്ഞാ ഓടി വാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

കണ്ണൂരാന്‍ - KANNURAN said...

ചിത്രകാരന്റെ അനോനിമിറ്റിയൊക്കെ കാര്‍ട്ടൂണിസ്റ്റ് എന്നേ ചീന്തിയെറിഞ്ഞു. കണ്ടില്ലാരുന്നോ ഇത്?

എന്നാലുമെന്റെ സുനിലേ മനുഷ്യനെ കൊതിപ്പിച്ചു നശിപ്പിച്ചു..

കുഞ്ഞന്‍ said...

ഇത് കൊടും ചതി, കാട്ടാളത്തം, ധാര്‍ഷ്ട്യം, വഞ്ചന, ഭീകരത, ഭീരുത്വം.. അതുതന്നെ ഭീരുത്വം..!


ആഷച്ചേച്ചിയും ഞാനും കുത്തിയിരുപ്പു സത്യാഗ്രഹം നടത്തും...