അഭിമുഖം
ഷാജി പട്ടണം/സുനില്‍ ഫൈസല്‍
2008ല്‍ ഗോവയില്‍ നടന്ന അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലെ പനോരമ വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്ന “വേരുകളുടെ” ക്യാമറാമാനായ ഷാജി പട്ടണം സംസാരിച്ചത്..
“കൈരളി ടി.വി.യുടെ കോഴിക്കോട് ബ്യൂറോയിലെ ക്യാമറാമാന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറിപോയപ്പോള്‍ പകരക്കാരനായി കുറച്ചു ദിവസത്തേക്ക് താല്‍ക്കാലികമായാണ് കൊച്ചിയില്‍ നിന്നും കോഴിക്കോടെത്തുന്നത്. മുത്തങ്ങ വനഭൂമിയിലെ ആദിവാസി ഗോത്രമഹാസഭയുടെ സമരം ചിത്രീകരിക്കാന്‍ വയനാട്ടിലേക്ക് പുറപ്പെടുമ്പോള്‍ അസ്വാഭാവികമായി എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്നില്ല. നാദാപുരം കലാപബാധിത പ്രദേശങ്ങളിലും, ഉരുള്‍പൊട്ടലില്‍ ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജ്ജ് യാത്രപറഞ്ഞ ഇടുക്കിയിലെ വെള്ളിയാണി മലയിലും, കന്നട സിനിമാതാരം രാജ്കുമാറിനെ വീരപ്പന് തട്ടിക്കൊണ്ടുപോയപ്പോള്‍ കര്‍ണ്ണാടക, തമിഴ്നാട് ഉള്‍വനങ്ങളിലൂടെ കണ്ണും കാതുമായി നടന്നപ്പോഴും, നാട്ടിലിറങ്ങിയ പുലി പാലക്കാടിനെ വിറപ്പിച്ചതിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോഴെല്ലാം സ്വന്തം ജീവന് അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെക്കുറിച്ച് നിശ്ചയമുണ്ടായിരുന്നു. മരണം മുഖാമുഖം കാണുമ്പോഴും ലോകത്തിന്റെ മുമ്പില്‍ ദൃശ്യങ്ങളെത്തിക്കാനുള്ള വെല്ലുവിളികളോരോന്നും അതിസഹസികമായാണ് ഏറ്റെടുത്തത്.മുത്തങ്ങയില്‍ വെടിവെപ്പു നടക്കുന്നതിനു മുമ്പ് ഞാന്‍ സമരകേന്ദ്രത്തില്‍ പ്രധാന ക്യാമ്പിനടുത്തായിരുന്നു. അപ്പോഴാണ് ഗോത്രമഹാസഭാ പ്രവര്‍ത്തകനായ അശോകന് വന്നു പറയുന്നത്.
“ധൈര്യമുള്ളവര്‍ക്ക് ക്യാമ്പിനുള്ളിലേക്ക് വരാം.”
ഈ സമയം പോലീസും ഫോറസ്റ്റുദ്യോഗസ്ഥരും ക്യാമ്പിനു പുറത്തുണ്ടായിരുന്നു.
ഫോട്ടോഗ്രാഫര്‍ ബിജോയിയൊത്ത് പോലീസുകാരെ ബന്ദികളാക്കിയ സ്ഥലത്തേക്കു ചെന്നു. ക്യാമ്പിനു മുമ്പിലെത്തിയപ്പോള്‍ മുഖത്ത് ചോരയൊലിച്ചിറങ്ങിക്കൊണ്ടിരുന്ന ചെറുപ്പക്കാരനായ ആദിവാസി യുവാവ് കൈപിടിച്ച് പുറകിലേക്കു തിരിച്ചുകൊണ്ടു ചോദിച്ചു.
“ഏതു ടീവീന്നാ...”
ഞങ്ങളെയും ബന്ദിയാക്കാവുന്ന ഒരവസ്ഥയിലായിരുന്നു അപ്പോള്‍.
“സമരത്തിന്റെ വാര്‍ത്ത കൊടുക്കാന്‍ വന്നതാണ്. ഉപദ്രവിക്കരുത്.”
“ഉപദ്രവിക്കണ്ട വിട്”. പരുക്കന്‍ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. അതു ഗീതാനന്ദനായിരുന്നു.
“ചേട്ടാ ഞാന്‍ ഷാജി. കൈരളി ടീവീന്നാണ്”.
“പിന്നീട് സംസാരിക്കാം. അതെടുത്തു കൊള്ളൂ”.
വെട്ടേറ്റു കിടക്കുന്നവര്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍ അശോകന് പറഞ്ഞു.
“വെള്ളം കൊടുക്കുന്നതെടുത്തോളൂ”
മരണപ്പെട്ട പോലീസുകാരന് വിനോദ് “എന്റെ ഫോട്ടോയെടുക്കരുത്” എന്നു പറയുന്നുണ്ടായിരുന്നു.
ക്യാമ്പിനു പുറത്ത് ദൂരെ മാറി നിന്നിരുന്ന മാധ്യമ പ്രവര്‍ത്തകരെ പോലീസ് അടിച്ചോടിക്കുന്ന സമയം ഞങ്ങളെ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തി. പത്രക്കാരെയും ഫോട്ടോഗ്രാഫര്‍മാരെയും പേപ്പട്ടികളെപോലെയാണ് പോലീസ് നേരിട്ടത്. പോലീസ് തോക്കും ലാത്തിയുമായി ആദിവാസികള്‍ക്കു നേരെ ഇരച്ചു കയറി.റബ്ബര്‍ ബുള്ളറ്റേറ്റ് ആദിവാസികള്‍ വീണു. പോലീസ് ഓടിച്ചപ്പോള്‍ പുറകില്‍ നിന്നും സ്ത്രീകളുടെയും കുട്ടികളുടെയും വാവിട്ട നിലവിളി കേള്‍ക്കുന്നുണ്ടായിരുന്നു. ഓടി രക്ഷപ്പെടാന്‍ തോന്നിയില്ല. പോലീസിന്റെ കണ്ണുവെട്ടിച്ച് കാട്ടുവള്ളി പടര്‍ന്ന ഒരു മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. അപ്പോഴേക്കും വെടിവെപ്പു തുടങ്ങിയിരുന്നു. ചുറ്റും ഭീകരാവസ്ഥയായിരുന്നു. സ്ത്രീകളേയും കുട്ടികളെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.കുറ്റിക്കാട്ടിലൊളിച്ചു നിന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയെ മുടിക്കുത്തിന് പിടിച്ചു വലിച്ച് ബൂട്ടുകൊണ്ട് ചവിട്ടുമ്പോള്‍ അതി ദയനീയമായി നിലവിളിക്കുന്നുണ്ടായിരുന്നു. പ്രായമായ ഒരു ആദിവാസി സ്ത്രീയുടെ തലക്ക് തോക്കിന്റെ പാത്തികൊണ്ടിടിച്ചു. രണ്ടാമതും അടിച്ചപ്പോള്‍ അവര്‍ തലവെട്ടിച്ചു. അപ്പോള്‍ ഒക്കത്തിരുന്ന കുട്ടിയുടെ തലയിലാണ് അടിയേറ്റത്. കുട്ടിയുടെ തലപൊട്ടി ചോരയൊഴുകി.പോലീസ് ഭീകരമായി മര്‍ദ്ദിക്കുമ്പോള്‍ ഒന്നോ രണ്ടൊ ആദിവാസി യുവാക്കള്‍ മാത്രമാണ് തിരിച്ചു പ്രതികരിച്ചത്. ബാക്കിയെല്ലാവരും കാട്ടിലേക്ക് തിരിഞ്ഞോടുകയായിരുന്നു. നിലത്ത് ജീവച്ഛവമായി ബോധമറ്റു കിടന്നിരുന്ന നാലുപേരെ തോക്കിന്റെ പാത്തികൊണ്ടും മരക്കഷണം ഉപയോഗിച്ചും പോലീസ് പെരുമാറുന്നുണ്ടായിരുന്നു. അപ്പോള്‍ അവരില്‍ നിന്നും ഒരു നിലവിളിപോലുമുണ്ടായില്ല.
തിരിഞ്ഞോടുന്ന സ്ത്രീയുടെ മുടിക്കുത്തിനു പിടിച്ച് പോലീസുകാരന് വലിച്ചിഴക്കുമ്പോഴാണ് മരത്തിനു മുകളിലെ ക്യാമറക്കാരനെ കണ്ടത്. ആദിവാസി സ്ത്രീയെ വിട്ട് പോലീസ് മരച്ചുവട്ടിലേക്ക് പാഞ്ഞു വന്നു. ഇറങ്ങിയില്ലെങ്കില്‍ വെടിവെക്കുമെന്നായിരുന്നു ഭീഷണി. ക്യാമറയുമായി മരത്തില്‍ നിന്നും ഊര്‍ന്നിറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വീണു, എഴുന്നേറ്റ് ഓടി, പുറകേ പോലീസുകാരുമുണ്ടായിരുന്നു.
വള്ളിപ്പടര്‍പ്പില്‍ കാലുടക്കി കമിഴ്ന്നു വീണപ്പോഴാണ് മനസ്സുപോലെ ക്യാമറ പ്രവര്‍ത്തിച്ചത്. ഇജക്ട് ചെയ്ത് കാസറ്റ് പുറത്തു വന്നു. അപ്പോഴാണ് കാസറ്റ് നഷ്ടപ്പെടുത്തരുതെന്ന ചിന്തയുണര്‍ന്നത്. വീണിടത്തു നിന്നെഴുന്നേല്‍ക്കാതെ ധൃതിയില്‍ കാസറ്റെടുത്ത് ജീന്സിനു കീഴെ അടിവസ്ത്രത്തിനുള്ളില്‍ തിരുകി, ചെറിയ കാസറ്റായിരുന്നു അത്.
അപ്പോഴേക്കും ഒരു കൂട്ടം പോലീസുകാര്‍ ചുറ്റും വളഞ്ഞിരുന്നു. ലാത്തികൊണ്ടും തോക്കിന്റെ പാത്തികൊണ്ടും തല്ലി. ബൂട്ടിട്ട് ചവിട്ടി. ഒരു പോലീസുകാരന്റെ കാലില്‍ കെട്ടിപ്പിടിച്ച് ഞാന്‍ നിലവിളിച്ചു. ജീവനുവേണ്ടി അത്രക്ക് ആര്‍ത്തിയോടെ ഞാനൊരിക്കലും യാചിച്ചിട്ടില്ല.
“മതി ഇനി അടിക്കണ്ട” എന്നൊരാള്‍ പറയുന്നത് കേട്ടു. കഴുത്തിനു പിടിച്ച് തൂക്കിയെടുത്ത് കാസറ്റ് ആവശ്യപ്പെട്ടു. രണ്ടു കാസറ്റിടാനുള്ള സംവിധാനമുള്ള ക്യാമറയായതുകൊണ്ട് ബ്ലാങ്ക് കാസറ്റ് എടുത്തു കൊടുക്കുമ്പോള്‍ ഒട്ടും മനസ്താപം തോന്നിയില്ല. ഷൂട്ടു ചെയ്ത കാസറ്റാണെന്നു കരുതി പോലീസുകാര്‍ അട്ടഹസിക്കുമ്പോള്‍ ഞാന്‍ ക്യാമറയുമെടുത്ത് വലിഞ്ഞു നടന്നു. ഇടക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ഒരു പോലീസ് ആഫീസര്‍ ആക്രോശിക്കുന്നത് കേട്ടു. “അവന് രക്ഷപ്പെടരുത്”.
ഉള്ള കരുത്തുമെടുത്ത് ഓടി, പുറകെ പോലീസുകാരുണ്ടായിരുന്നു. ഇല്ലിക്കാടു നിറഞ്ഞ ഒരു സ്ഥലത്തെത്തി തിരിഞ്ഞപ്പോള്‍ പോലീസുകാരെ കണ്ടില്ല. കുറെക്കൂടി മുമ്പോട്ടു നടന്നു.
അപ്പോള്‍ അതുവഴി കൈലിയുടുത്ത രണ്ടുപേര്‍ നടന്നു വരുന്നുണ്ടായിരുന്നു. ചോരയൊലിച്ചു നില്ക്കുന്ന എന്നെ കണ്ട് അവര്‍ ഭയന്നു കാണണം. രക്ഷിക്കണമെന്നു പറഞ്ഞിട്ടവര് ഗൌനിച്ചില്ല. അവര്‍ വേഗം അകന്നു പോകാനാണ് ശ്രമിച്ചത്. കരഞ്ഞുകൊണ്ട് റോഡെങ്ങോട്ടേക്കാണെന്ന് കാണിച്ചു തന്നാല്‍ മതിയെന്നു യാചിച്ചു. ദയ തോന്നിയതുകൊണ്ടാവണം ഒരാള്‍ പോകേണ്ട വഴി ചൂണ്ടി തന്നു. നേരമിരുണ്ടു വരുകയായിരുന്നു. ആ വഴി കുറച്ചു നടന്നപ്പോള്‍ കൈരളി റിപ്പോര്‍ട്ടര്‍ സുഭാഷേട്ടനെയും മറ്റു പത്രക്കാരെയും കണ്ടു.
പോലീസ് പിന്തുടരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ക്യാമറ വാങ്ങി സുഭാഷേട്ടന് എന്നോട് രക്ഷപ്പെട്ടോളാന്‍ പറഞ്ഞു. മെയിന്‍ റോഡിലെത്തിയപ്പോള്‍ അതു വഴി വന്ന ഓട്ടോറിക്ഷക്കു കൈ നീട്ടിയിട്ടും നിര്‍ത്തിയില്ല. റോഡില്‍ വെച്ചാണ് പിന്നീട് ഫോട്ടോഗ്രാഫര്‍ ബിജോയിയെ കാണുന്നത്. തലയ്ക്ക് അടിയേറ്റ് രക്തമൊലിപ്പിച്ചു നില്‍ക്കുകയാണ്. ഫിലിമെടുത്ത് പോലീസ് അടിച്ചു പൊളിച്ച ക്യാമറയും അവന്റെ കൈവശമുണ്ടായിരുന്നു.
മുത്തങ്ങ ജംഗ്ഷനില്‍ പോലീസ് സെര്‍ച്ചു ചെയ്യുന്ന വിവരം ബിജോയിയാണ് പറഞ്ഞത്. “നമുക്കു പിരിയാം. ഒരാളെങ്കിലും രക്ഷപ്പെടുമല്ലോ. ഒന്നിച്ചായാല്‍ രണ്ടുപേരേയും പോലീസ് പിടിക്കും.”
നേരമിരുട്ടിയപ്പോഴാണ് കാടിനോടു ചേര്‍ന്ന് റോഡരികെ ഒരു വെള്ള മാരുതി വാന്‍ നില്‍ക്കുന്നത് കണ്ടത്. ഇപ്പോഴോര്‍ക്കുമ്പോള്‍ ആ സമയത്ത് ആ വാഹനം എനിക്കു വേണ്ടി വന്നതു പോലെയാണ് തോന്നുന്നത്. ഡ്രൈവര്‍ സീറ്റിലിരുന്ന ചേട്ടനോട് ദയനീയാവസ്ഥ പറഞ്ഞു. ചോരയൊലിച്ചു നിന്ന എന്നോട് കയറാന്‍ പറഞ്ഞു. വാന്‍ സുല്‍ത്താന്‍ ബത്തേരിയിലേക്ക് പായുമ്പോള്‍ ആരുടെ വാഹനമാണ് എന്തു ധൈര്യത്തിലാണ് കയറിയത് എന്നതിനെക്കുറിച്ചൊന്നും ആലോചിച്ചിരുന്നില്ല. ബത്തേരി ടൌണില്‍ എന്നെ ഇറക്കിയ ശേഷം വാന്‍ തിരികെ പോയി. ഓര്‍ക്കുമ്പോള്‍ ജീവിതം തിരികെ കിട്ടിയ നന്ദിയുണ്ട്.
തീരെ അവശനായിരുന്നു. ഒരു കടത്തിണ്ണയുടെ ഇരുണ്ട മൂലയില്‍ കയറിയിരുന്നു.
ചെറുപ്പം മുതലേ ഫോട്ടോയെടുക്കാനായി ക്യാമറയുമെടുത്ത് അലഞ്ഞു നടക്കുക എന്റെയൊരു ശീലമായിരുന്നു. അമ്മാവനും സിനിമാ മേക്കപ്പ്മാനുമായ റഷീദ് പട്ടണമാണ് എന്നെ പ്രോത്സാഹിപ്പിച്ചത്.
ഫോട്ടോഗ്രാഫിയിലുള്ള പരിചയം കൊണ്ടും ആത്മവിശ്വാസം കൊണ്ടും പറയുകയാണ്. നമ്മള് കാണുന്ന ഒരാള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാന്‍ എനിക്ക് കഴിയാറുണ്ട്. ആ ഒരു വിശ്വാസത്തിലാണ് ബത്തേരിയിലെ ഒരു ഓട്ടോ ഡ്രൈവറെ സമീപിച്ച് സഹായിക്കണമെന്ന് പറഞ്ഞത്. അയാളെനിക്ക് സോഡ വാങ്ങി തന്നു. ഇരുപതു രൂപയും തന്നു. എന്റെ കൈയ്യിലെ പേഴ്സ് നഷ്ടപ്പെട്ടിരുന്നു. കോഴിക്കോട് ഓഫീസിലേക്ക് ഫോണ്‍ ചെയ്തു വിവരമറിയിച്ചു. ഒരു കവറില്‍ കാസറ്റിട്ട് കോഴിക്കോട് പോകുന്ന കെ.എസ്.ആര്.ടി.സി ഡ്രൈവറെ സമീപിച്ചു. ഡ്രൈവറെ കണ്ടപ്പോള്‍ തന്നെ പണത്തിന് ആര്‍ത്തിയുള്ള സ്വഭവക്കാരനാണെന്നു തോന്നിയിരുന്നു. കാസറ്റ് ഏല്‍പ്പിച്ച് തിരിഞ്ഞപ്പോള്‍ ഡ്രൈവര്‍ ചോദിക്കുകയാണ്.
“അങ്ങനെയങ്ങ് പോയാലോ”
കയ്യില്‍ ബാക്കിയുള്ള 12 രൂപ ഡ്രൈവര്‍ക്കു കൊടുത്തു. എന്റെ അപ്പോഴത്തെ മുഖം കണ്ടാര് അഞ്ചുകാശ് ചോദിക്കാന്‍ ആര്‍ക്കും മനസ്സു വരില്ല.
എത്രയും പെട്ടെന്ന് കാസറ്റ് വയനാട് കടന്ന് സ്റ്റുഡിയോയിലെത്തണമെന്നായിരുന്നു അപ്പോഴത്തെ ചിന്ത. നഷ്ടപ്പെടില്ല എന്ന വിശ്വാസവുമുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് കോഴിക്കോട് വരെ ബസ്സോടിച്ചേ പറ്റൂ. കോഴിക്കോട് സ്റ്റാന്റില്‍ ടോണി കാത്തു നില്‍ക്കുന്നുമുണ്ട്. വലിയൊരു ആശ്വാസത്തോടെ നില്‍ക്കുമ്പോഴാണ് സുഭാഷേട്ടന് വാനുമായി അന്വേഷിച്ചെത്തിയത്.
അന്നു രാത്രി 10.30ന്റെ വാര്‍ത്താ ബുള്ളറ്റിനില്‍ മുത്തങ്ങയിലെ പോലീസ് ഭീകരതയുടെ ദൃശ്യങ്ങള്‍ ‘കൈരളി’ ലോകത്തെ കാണിച്ചു.
“പോലീസെന്നെ കൊല്ലുമെന്നാണ് ഞാന്‍ കരുതിയത്. ബോഡി പോസ്റ്റുമോര്‍ട്ടത്തിന് മെഡിക്കല്‍ കോളേജിലെത്തുമ്പോഴെങ്കിലും കാസറ്റ് പുറത്തെത്തണമെന്നായിരുന്നു എന്റെ ചിന്ത”.
പോലീസ് കഠിനമായി മര്‍ദ്ദിക്കുകയും ചവിട്ടുക്കൂട്ടുകയും ചെയ്തതിന്റെ വേദനയെക്കാളേറെ വനത്തില്‍ നിന്നുയര്‍ന്ന ആദിവസി സ്ത്രീകളുടെയും കുട്ടികളുടെയും നിലവിളിയാണ് ഇപ്പോഴും അസ്വസ്ഥപ്പെടുത്തുന്നതെന്നു ഷാജി പറയുന്നു.
നാട്ടുപച്ചയില് പ്രസിദ്ധീകരിച്ചത്.
ചിത്രങ്ങള്‍ കടപ്പാട്: www.keralatourismwatch.org